തിരുവനന്തപുരം: സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ വിഴിഞ്ഞം തുറമുഖത്തിന്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാനാകില്ലെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു. കമ്പനി ആക്ട് പ്രകാരം 25 ശതമാനത്തിനുമേൽ ഓഹരി കൈമാറിയാൽ ഉടമസ്ഥാവകാശം മാറും. ഇതിനു സംസ്ഥാന സർക്കാരിന്റെ അനുമതി വേണം. അദാനിയുമായുള്ള കരാറിലെ 5(3) ചട്ടപ്രകാരം സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഉടമസ്ഥാവകാശം മാറ്റാനാവില്ല.
രാജ്യസുരക്ഷയും പൊതുതാത്പര്യവും പരിഗണിച്ചാൽ തന്ത്രപ്രധാന മേഖലയായ തുറമുഖ ഉടമസ്ഥാവകാശ കൈമാറ്റത്തിന് കേന്ദ്ര ആഭ്യന്തര- ഷിപ്പിംഗ് മന്ത്രാലയങ്ങളുടെ അനുമതിയും വേണം. രാജ്യസുരക്ഷ, പൊതുതാത്പര്യം, മത്സരക്ഷമത ഉറപ്പാക്കൽ, എല്ലാവരുടെയും നിക്ഷേപം ആകർഷിക്കൽ, ഭാവി വികസനവും വരുമാന താത്പര്യവും എന്നിവയെല്ലാം ഉറപ്പാക്കി മാത്രമേ ഓഹരി വില്പനയ്ക്ക് അംഗീകാരം നൽകാനാകൂ.
തുറമുഖത്തിനു പുറത്തു മറ്റു കമ്പനികൾക്കു വികസനത്തിനും സൗകര്യമുറപ്പാക്കും. തുറമുഖത്തിന്റെ സൗകര്യങ്ങൾ വിവേചനരഹിതമായി പൊതുവായി ഉപയോഗിക്കാനാകണം. ഒരു കമ്പനിയുടെയും കുത്തക പാടില്ല. ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കമ്പനിയായ എംഎസ്സി തുറമുഖം ഏതെല്ലാം രീതിയിൽ ഉപയോഗിക്കുമെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുറമുഖ വികസനത്തെ ബാധിക്കും - പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
ഓഹരി വിൽപനയിലൂടെ എംഎസ്സി കമ്പനിയുടെ കുത്തകാവകാശമുണ്ടാകുമെന്നും കേരളത്തിന്റെ വാണിജ്യ താത്പര്യത്തിനും തുറമുഖത്തിന്റെ ഭാവി വികസനത്തിനും ഇത് അപകടകരമാകുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സബ്മിഷനിൽ ചൂണ്ടിക്കാട്ടി. തുറമുഖത്തിന്റെ വികസനസാധ്യത ചുരുങ്ങും. മത്സരക്ഷമത തകർക്കും. കുത്തക വേരുറപ്പിക്കും. മറ്റു സാമ്പത്തിക ക്രമക്കേടുകൾക്കും ഇതു വഴിവയ്ക്കും. സർക്കാരിന് കിട്ടേണ്ട വരുമാന വിഹിതം കൃത്രിമമായി കുറവു വരുത്താൻ ഇടയാക്കും.
കയറ്റുമതിക്കാർക്കു നിശ്ചിത കമ്പനിയുടെ കപ്പലിലും കണ്ടെയ്നറിലും മാത്രമേ ചരക്ക് അയയ്ക്കാനാവൂ. അവർ നിശ്ചയിക്കുന്ന നിരക്ക് എല്ലാവരും അംഗീകരിക്കേണ്ടിവരും. ഇതിന്റെ പ്രത്യാഘാതം പരിശോധിക്കണം. കോണ്കോർ, സിഡബ്ല്യുസി തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ 5,000 കോടിയുടെ ധാരണാപത്രം ഒപ്പിട്ടിടുണ്ട്. ഇവരെയെല്ലാം ഇതു ബാധിക്കും. മത്സരക്ഷമതയാണ് വളരുന്ന വിപണിയുടെ ആണിക്കല്ല്. ഒരു കമ്പനിയുടെ കുത്തക തുറമുഖ വികസനത്തെ ബാധിക്കുമെന്നും പിണറായി വിജയൻ ആരോപിച്ചു.